എൻറെ ഫോട്ടോ കണ്ടില്ലേ....?
സന്തോഷത്തോടെയാണ് അവളുടെ ചോദ്യം. സെൽഫി കളുടെ കാലമായതിനാലാവാം ദിവസവും അവൾ ഇഷ്ടംപോലെ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നുണ്ട്.
മുല്ലപ്പൂ ചൂടിയത് കണ്ടോ .....
ആ ചോദ്യം കൂടി കേട്ടപ്പോഴാണ് ഫോട്ടോ കണ്ടില്ലേ എന്ന് പ്രത്യേകം ചോദിച്ചതിൻറെ അർത്ഥം മനസ്സിലായത്. മുല്ലയുടെ സുഗന്ധം ജാലകത്തിലൂടെ മുറിയാകെ നിറഞ്ഞു.....
xxxxxxxxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxxxxxxxxxxxxxxxxxxx
മുറ്റത്ത്, ഉമ്മ നട്ടുണ്ടാക്കിയ മുല്ല പൂത്തു നിൽക്കുന്നു.
ഉമ്മയുടെ ഓർമ്മയ്ക്ക് എപ്പോഴും മുല്ലപ്പൂവിന്റെ മണമാണ്. പണ്ടെല്ലാം ഉമ്മയുടെ കൈപിടിച്ച് വടക്കു നിന്നു തെക്കോട്ടും, തെക്കു നിന്ന് വടക്കോട്ടും ഒരു നടത്തമുണ്ട്. ഉമ്മയുടെ വീട് വടക്കും
ഉപ്പ തെക്കുമാണ്. ഉപ്പ ദുബായിക്ക് പോയാൽ പോലും പലരിൽനിന്നും വ്യത്യസ്തമായി ഉമ്മ ഉപ്പയുടെ വീട്ടിൽ തന്നെയാണ് താമസിക്കുക...
മൂത്തയാളെന്ന ഉത്തരവാദത്തേക്കാൾ ആ വീട്ടിന്റെ സഹൃദയാന്തരീക്ഷം കൂടിയായിരുന്നു അതിനു കാരണം.
അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓരോ യാത്രയിലും ഉമ്മ വഴിയിലുടനീളമുള്ള എല്ലാ വീട്ടിലും കയറുന്നു, കുറെ വർത്തമാനം പറഞ്ഞു ഇറങ്ങുന്നു. അവിടെ കാണുന്ന ചെടികളുടെയെല്ലാം കമ്പുകളുമായാവും വീട്ടിലെത്തുന്നത്. ഞങ്ങളുടെയെല്ലാം കൈകളിലും ചെടികൾ കാണും. ഒറ്റക്കുള്ള വരവാണെകിൽ ഉമ്മ പലപ്പോഴും ഒരു പൂന്തോട്ടം വരുന്ന പോലാണ്. ഉമ്മയുടെ മുന്നിലൂടെ കടന്നു പോകുന്നവർക്ക് ഉമ്മയും ചെടികളുടെ വിത്തുകൾ കൈമാറുന്നത് പതിവായിരുന്നു.
ഉമ്മ നടുന്ന കമ്പുകളും വിത്തുകളുമെല്ലാം നന്നായി "പിടിച്ചു" വരുമായിരുന്നു. വെളുവിൽ മോഹനേട്ടൻറെ വീട്ടിൽ ചുക ചുകപ്പ് പൂക്കാടുകെട്ടിനിൽക്കു ന്ന റോസാച്ചെടി ഒരുപാടു കാലം ഞാൻ നട്ടെങ്കിലും നിരാശനായി. എങ്കിലും ചെടികൾ നടാനും , കളകൾ പറിക്കാനും, കൊത്താനും കിളക്കാനുമെല്ലാം ഞാൻ ഉമ്മയുടെ കൂടെ പരിശീലിച്ചു.
വീടെടുത്ത് നിറമരുതൂരിലേക്കു മാറിയപ്പോൾ ഉമ്മ ഇച്ചിരി സ്വതന്ത്രയായി. അപ്പോൾ ഉമ്മയുടെ വീട്ടിലേക്കുള്ള "പാർക്കാൻ പോക്കും" കൂടി. നട്ടുണ്ടാക്കിയ ചെടികളുടെ വള്ളികൾ തന്നെയാവണം ഉമ്മയെ പിന്നീട് "കുന്നത്തെ" വീട്ടിൽ ചുറ്റിവരിഞ്ഞിട്ടത് .. മനോഹരവും ഫലഭൂയിഷ്ഠവുമായ മണ്ണായിരുന്നു ഞങ്ങടെത് . എന്ത് നട്ടാലും മുളക്കുന്ന ഒരിടം.
മാവ്, പ്ലാവ്, പേരക്ക, ചക്കപ്പഴം, സീതപ്പഴം, പപ്പായ, മുരിങ്ങ,വാഴ, കൂർക്ക, വേപ്പ് , കറിവേപ്പ്, കൂവ തുടങ്ങി എല്ലാ മരങ്ങളും ചെടികളും...
ഉമ്മയുടെ മുല്ല വടക്കേ മുറ്റത്തു ഒരു വലിയ ഞെരിഞ്ഞിൽ മരം കെട്ടിപ്പുണർന്ന് എന്നും പൂത്തു നിന്നു. പിന്നീട് കൂടുതൽ മണവും സുന്ദരവുമായ അസർ മുല്ലയും, തടിച്ച ചക്കമുല്ലയും, കുറ്റിമുല്ലയുമെല്ലാം ഉമ്മ ഓരോരോ യാത്രയിലായി വീട്ടിലെത്തി. അവയിലെല്ലാം നിറയെ പൂക്കൾ....വീടും മുറ്റവും സുഗന്ധ പൂരിതം.
ഉമ്മാക്കും മുല്ലപ്പൂവിന്റെ മണമായിരുന്നില്ലേ .....
ഇടയ്ക്കിടെ ഉമ്മ അവ പറിച്ചു സൂചികൊണ്ട് വെളുത്ത നൂലിൽ കോർത്തു മാലകെട്ടി അനിയത്തിമാരുടെയും വീട്ടിലെത്തുന്ന കുട്ടികളുടെയും തലയിൽ ചൂടിക്കൊടുത്തു.
മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു ഉമ്മയുടെ നിസ്കാരപ്പായക്ക്.. നമസ്കാരത്തിന് ശേഷം അതെപ്പോഴും ചുരുട്ടിവച്ചിരിക്കും. മുല്ലപ്പൂപോലെതന്നെ മൃദുലമായ നിസ്കാരക്കുപ്പായം...അതിൽ ഉണങ്ങിയതും അല്ലാത്തതുമായ മുല്ലപ്പൂ...
പലപ്പോഴും അതിൽ കിടന്നുരുണ്ടു.... ഉമ്മ ഒരിക്കൽപോലും സുഗന്ധ ദ്രവ്യങ്ങൾ പുരട്ടുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ ദുബായിൽ പോയിവന്നപ്പോൾ താരതമ്യേന കടുപ്പം കുറഞ്ഞ ബ്ലൂ ഫോർ മെൻ സ്പ്രേ ഉപയോഗിച്ചപ്പോൾ ഉമ്മ ചോദിച്ചു "നീയും"....(" you too ..."
അപ്പോൾ എനിക്ക് മറ്റൊരു സംഭവമാണ് ഓർമ്മവന്നത് .
ഒരിക്കൽ ഒരു മുല്ലക്ക് തടസ്സമില്ലാതെ ഉയർന്നു പോകാനായി നന്നായി ഉയർന്നു വന്നിരുന്ന കടച്ചക്കത്തൈ എൻ്റെ അസാന്നിദ്ധ്യത്തിൽ വെട്ടിമാറ്റി. വെട്ടിയശേഷം ഇലകൾ കണ്ടപ്പോൾ ഉമ്മ പശ്ചാത്തപിച്ചു .."ഞാനതു അയിനിമരമാണെന്നു ധരിച്ചെന്ന്".. .
എന്തായാലും പിന്നീട് ഉമ്മ ഒന്നിന് വളരാനായി മറ്റൊന്നും വെട്ടി മാറ്റുന്നത് ഞാൻ കണ്ടിട്ടില്ല.....“All the perfumes of Arabia will not sweeten this little hand.” ഷേക്‌സ്‌പിയറിനെ അറിയാത്ത ഉമ്മയ്ക്കു ഈ philosophy എവിടുന്നാണാവോ കിട്ടിയത് !!
ഞാൻ ദൂരെ വീട് വച്ച് മാറുന്നതിൽ ഉമ്മാക്ക് വലിയ അസ്വസ്ഥതയുണ്ടായിരുന്നു. എന്നാലും പുതിയ വീട്ടിൽ നട്ടുവളർത്താനായി ഉമ്മ, നിരവധി ചെടികൾക്കൊപ്പം മുല്ലയും നട്ടു പിടിപ്പിച്ചു. താമസം മാറിയശേഷം ഒരു ദിവസം അത് എൻറെ കയ്യിൽ വേരിളകാതെ പറിച്ചു തന്നു. ഉമ്മക്കു ഏറെ ഇഷ്ടപ്പെട്ട പുതിയ വീടിന്റെ കറുത്ത നീളൻ കോലായക്കരികെത്തന്നെ അത് നട്ടു. കരിമ്പച്ച വള്ളികളിൽ നറുമണവുമായി അവ വെളുത്തുദിച്ചു വരുന്നു...
ഉമ്മയുടെ മുല്ലപ്പൂമണം വീടാകെ പടരുന്നു....
പക്ഷേ വള്ളികൾക്കു താങ്ങായി തൊട്ടടുത്തൊരു ഞെരിഞ്ഞിലെങ്കിലും നടണം...
കൊമ്പുകൾ നിരവധിയുള്ള, സുഗന്ധം പേറുന്ന, തളിരിലകൾ മാത്രമുള്ള മൃദുലമായ അതിന്റെ മേനിയും ചുറ്റി അതങ്ങനെ കെട്ടിപ്പിടിച്ചു പടർന്നു കൊള്ളും ....
